ഓർമയിൽ ഇമ്പിരിയലിന്റെ ഇരമ്പൽ

തളിപ്പറമ്പ - നാനാ ജാതി മതസ്ഥർ ഒന്നായി ജീവിക്കുന്ന ചെറു പട്ടണം. മീനച്ചിൽ താലൂക്കിൽ നിന്നും കുടിയേറിയ കുടുംബങ്ങൾ വന്നുപോകുന്ന ഇടം.  കാർഷിക വിളകൾ വിൽക്കാൻ വരുന്ന ചന്ത. ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാന കാലം.പൊതുഗതാഗതം ചെറിയ തോതിൽ ആയി വരുന്നു.

ആയിരത്തി  തൊള്ളായിരത്തി  എണ്പതിൽ ആണ് തളിപ്പറമ്പ ആലക്കോട് റോഡിൽ പുഷ്പഗിരിയിൽ,കരുവഞ്ചാൽ മേവട കുടുംബത്തിൻറെ വീട്ടിൽ ഞാനും മാതാവും പിതാവും താമസം ആകുന്നത്. എനിക്ക് അന്ന് 2 വയസ്സ്. ഇതേ കുടുംബത്തിൻറെ കെട്ടിടത്തിൽ ആണ് കരുവഞ്ചാൽ  ഗ്രാമീൺബാങ്ക് എൻറെ പിതാവ് മാനേജർ ആയി ആരംഭിക്കുന്നത്.  എൻറെ പിതാവ് രാവിലെയും വൈകിട്ടും കരുവഞ്ചാലിനു പോയിരുന്നത് എയിറ്റ് റോഡ് വെയ്‌സ് എന്ന തലശ്ശേരി ആലക്കോട് റൂട്ടിൽ ഓടിയ ബസ്സിൽ ആരുന്നു.റോഡ് സൈഡിൽ ഉള്ള വീട് ആയതു കൊണ്ട് അതിലെ കണ്ടക്ടർ വത്സലേട്ടൻ എനിക്ക് ടാറ്റാ തരുമാരുന്നു. ഓര്മയപ്പോൾ തൊട്ട് മങ്കര കുടുംബത്തിൻറെ പ്രിൻസ്, കെ എം ടി ബസ്സുകൾ,നൂർജഹാൻ ഒക്കെ കണ്ടുതുടങ്ങി.

എണ്പത്തിരണ്ടു മൂന്നു സമയത്തു ഒരു KLN രെജിസ്ട്രേഷൻ ഉള്ള ടാറ്റാ ബസ് കണ്ടു തുടങ്ങി.ലൈറ്റ് ഐവറി ബാക്ക്ഗ്രൗണ്ടിൽ “Z” എന്ന അക്ഷരം വലിച്ചു നീട്ടിയപോലെ,അതിനു റെഡ് ഓറഞ്ച് യെല്ലോ കോമ്പിനേഷൻ ലിവെറി. അതിന് ഇമ്പീരിയൽ എന്നായിരുന്നു പേര്.അതൊരു കാലഘട്ടത്തിൻറെ തുടക്കം ആരുന്നു.

ശ്രീ.വി ജെ സെബാസ്റ്റ്യൻ ഒരു കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഒക്കെ നടത്തി അതിൽ നിന്ന് ബസ് വ്യവസായത്തിലേക്ക് വന്ന കാലം. അതുകൊണ്ടു തന്നെ അദ്ദേഹം മാഷ് എന്നാണ് അറിയപ്പെട്ടത്.തേർത്തലി-തളിപ്പറമ്പ ,മുളകുവള്ളി-കണ്ണൂർ, ഉദയഗിരി-കണ്ണൂർ, ഏര്യം-പയ്യന്നൂർ എന്നിങ്ങനെ പല റൂട്ടുകളിലേക്കും മാഷ് സർവീസ് വ്യാപിപ്പിച്ചു.എല്ലാം ടാറ്റാ ബസ്സുകൾ.ആലക്കോട് റോഡിൽ അസ്സിസ് ഡോക്ടറുടെ ആശുപത്രിക്കു അടുത്ത് ഒരു ചെറിയ ഷെഡ്.. മുളകുവള്ളിക്കു KRC 5191,ഉദയഗിരിക്ക് KRN 322 എന്നീ ബസുകൾ..എൺപതുകളിൽ രാത്രി എട്ടരയോടെ തളിപ്പറമ്പിൽ നിന്ന് ഉള്ള ഉദയഗിരി ഇമ്പീരിയൽ ആയിരുന്നു അവസാന ബസ്.വെറും ലോക്കൽ സർവീസുകൾ നടക്കുന്ന സമയത്തു തന്നെ അദ്ദേഹം ജില്ലാ തല ബസ് ഉടമ സംഘടനാ നേതാവ് ആയി മാറി.
തൊണ്ണൂറു തൊണ്ണൂറ്റി ഒന്ന് സമയത്തു ഇമ്പീരിയൽ നെ അടിമുടി മാറ്റിയ ബസ് സമരം..മാഷ് വളരെ കർക്കശ്യ സ്വഭാവം ഉള്ള ഉടമസ്ഥൻ..കൂടാതെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിൻറെ നേരിട്ടുള്ള ഇടപെടൽ.ആ സമരം ഒത്തു തീർപ്പ് ആയപ്പോൾ അദ്ദേഹം മൂന്നു പെർമിറ്റുകൾ സറണ്ടർ ചെയ്തു കളഞ്ഞു.പയ്യന്നൂരും മുളകുവള്ളിയും ഉദയഗിരിയും.കുശാഗ്ര ബുദ്ധിമാനായ മാഷ് ആ സമയത്തെ തക്കത്തിൽ പ്രയോജനപ്പെടുത്തി. കണ്ണൂരിലെ തഴക്കം ചെന്ന ഓപ്പറേറ്റർമാർ ഹൈവേ സര്വീസുകളിലേക്ക് ശ്രദ്ധ തിരിക്കുന്ന സമയം.മാഷും തരപ്പെടുത്തി രണ്ടു പെർമിറ്റ്.

KRC 5191 നെ മാഷ് ഉദയഗിരി കോഴിക്കോട് ആയി അവതരിപ്പിച്ചു. KRN 322 നെ കാഞ്ഞങ്ങാട് കോഴിക്കോട് ആയും.ലോക്കൽ റൂട്ടിൽ ഓടിയിരുന്ന ടാറ്റാ ബസുകളിൽ ഓരോ ഹെഡ്‍ റസ്റ്റ് വെൽഡ് ചെയ്തു വച്ച് മാഷ് ഇറക്കി. അതും ചെത്ത് ബസ്സുകൾ - അന്ന് അങ്ങനെ ആണ് എയ്റോ ഡൈനാമിക് ഫ്രണ്ട് ഡിസൈൻ ഉള്ള വണ്ടികളെ വിളിക്കുന്നത് -കൂട്ടത്തോടെ ലോങ്ങ് റൂട്ടുകളുമായി ഇറങ്ങുന്ന സമയം.

1991-92 സമയത്തു മാഷ് ഒരു കിടിലൻ വണ്ടി ഇറക്കി ഞെട്ടിച്ചു.ഹൈവെയിലെ ആദ്യത്തെ പുത്തൻ ഇമ്പീരിയൽ.കണ്ണൂർ ലോക്കൽ ബോഡി.ക്വാർട്ടർ ഗ്ലാസും ഷട്ടർ കോംബോ.ക്വാർട്ടർ ഗ്ലാസ് പാർട്ടീഷിണിൽ ഒന്നിടവിട്ട് വലിയ റണ്ണിങ് ലൈറ്റ്.അന്നത്തെ നാമക്കൽ ബോഡി ടൂറിസ്റ്റ് ബസ് പോലത്തെ ഡബിൾ ഗ്ലാസ് ഫ്രണ്ട് ഉം ബാൿകും..ലഗേജ് ക്യാരിയറിൽ സീറ്റിന് മുകളിൽ വരത്തക്ക വിധം ചെറിയ കളർ ലൈറ്റുകൾ..ആകെ മൊത്തം ആന ചന്തം.ഈ വണ്ടി ഓടാൻ തുടങ്ങിയ റൂട്ട് അതി ഗംഭീരം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടു കിട്ടിയ ഡേ ടൈം ലോങ്ങ് സർവീസ്. തേർത്തലി എരുമേലി.ഓപ്പസിറ്റ് ഓടിയത് കണ്ണൂർ ബസ് ചരിത്രത്തിലെ അതികായൻ ആയ ടി ടി നാരായണേട്ടൻറെ ആനന്ദകൃഷ്ണ ആരുന്നു.ഈ ബസിനു മാഷ് ഇട്ട പേരും ഗംഭീരം ആയിരുന്നു."എമ്പയർ" ഈ വണ്ടിക്കു മാഷ് പക്കാ പെർമിറ്റ് ഉണ്ടാക്കിയത് സംസ്ഥാന അതിർത്തികൾ ബന്ധപ്പെടുത്തി ആരുന്നു.തലപ്പാടി മുതൽ വാളയാർ വരെ.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നോടു കൂടി കണ്ണൂർ ജോൺ മില്ലിൽ ഉള്ള കെ എം ഓട്ടോഗ്യാരേജിൽ ബോഡി ചെയ്ത അശോക് ലെയ്‌ലാൻഡ് പുത്തൻ ബസ് ഉദയഗിരി കോഴിക്കോട് കണ്ണൂർ കോഴിക്കോട് കണ്ണൂർ ഉദയഗിരി ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ആയി വന്നു. അന്നൊക്കെ കണ്ണൂർ കോഴിക്കോട് പെര്മിറ്റിൽ ഓടുന്ന വണ്ടികൾ മാത്രമാണ് 2 ചാൽ കോഴിക്കോട് ഓടിയത്.അവിടെ മാഷ് വ്യത്യസ്തനായി ഉദയഗിരി കോഴിക്കോട് പെർമിറ്റ് 2 ചാൽ കണ്ണൂർ കോഴിക്കോട് ആയി ഓടി.മാത്രമല്ല രാത്രി വളരെ വൈകി ഉള്ള ഉദയഗിരി ട്രിപ്പ് ഫുൾ ലോഡ്. നോക്കി നിന്ന് ആളുകൾ കേറിയ കാലം

1995 ഇൽ മാഷ് അടുത്ത പരീക്ഷണം നടത്തി.കോട്ടയം ജില്ലയിലെ പാലായിലെ എം സി എസ് ബോഡി ബിൽഡേഴ്‌സ് പണികഴിപ്പിച്ച പുതിയ അശോക് ലെയ്‌ലാൻഡ് കാഞ്ഞങ്ങാട് കോഴിക്കോട് റൂട്ടിൽ സമയ മാറ്റത്തോടെ അവതരിപ്പിച്ചു.മാത്രമല്ല ആ പെർമിറ്റ് മാഷ് ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ആക്കി.ആ കാലത്തു കണ്ണൂർ ബോഡി വണ്ടികളുടെ ഇടയിൽ പാലാ ബോഡി വ്യത്യസ്തൻ ആയി. സൗന്ദര്യത്തിൽ ഒട്ടും പിറകിൽ ആയിരുന്നില്ല ആ ബസ്..പക്ഷെ വലിയ താമസം ഇല്ലാതെ മാഷ് ആ പെർമിറ്റ് പൊളിച്ചെഴുതി ..കാഞ്ഞങ്ങാട് തൃശൂർ ആക്കി ..അന്ന് അങ്ങനെ ഈ പെർമിറ്റ് ഉണ്ടാക്കിയപ്പോൾ മാഷ് വിചാരിച്ചിട്ടുണ്ടാവില്ല ഈ പെർമിറ്റ് കാലങ്ങൾ താണ്ടി ഇമ്പീരിയലിൻറെ ഫ്ലാഗ്ഷിപ് സർവീസ് ആകുമെന്ന്
മാഷ് പിന്നീട്‌ ഇറക്കിയ പുതിയ പെർമിറ്റ് ആരുന്നു പയ്യന്നൂർ തൃശൂർ എൽ എസ് എഫ് പി.വീണ്ടും പാലാ ബോഡി .പക്ഷെ ഇതു ഒരു വെടിക്കെട്ട് സർവീസ് ആരുന്നു.കെ എസ് ആർ ടി സി സൂപ്പർ എക്സ്പ്രസ്സ് ഒക്കെ ആയി കടുത്ത മത്സരം ആരുന്നു ശരിക്കും ഒരു വെടിപൊക സർവീസ്.ഇതിനു പുറകെ പയ്യന്നൂർ ഗുരുവായൂർ പകൽ സർവീസ് തുടങ്ങി.അത് കഴിഞ്ഞ ഉടനെ വന്നു ഉദയഗിരി തൃശൂർ..കണ്ണൂർ ഉദയഗിരി തൃശൂർ കണ്ണൂർ .. വീണ്ടും നല്ല പേരുണ്ടാക്കിയ സർവീസ് ..ഓഫീസ് ജോലിക്കാർ തളിപ്പറമ്പിൽ നോക്കി നിന്ന് കേറിയ കാലം..എന്നാൽ കാലത്തിൻറെ കുത്തൊഴുക്കിൽ ഇത് തളിപ്പറമ്പ തൃശൂർ ആയി ഓടി നിർത്തി.

മാഷ് ഉണ്ടാക്കിയ പെർമിറ്റുകൾ ആരുന്നു കൊട്ടിയൂർ കാസറഗോഡ് മണക്കടവ് കാസറഗോഡ് ഒക്കെ. മാഷിൻറെ മക്കളായ സോളി സോണി സോണിയ എന്നീ പേരുകൾ ബസ്സിൽ ചേർക്കുമായിരുന്നു

മാഷ് ഒരു കഠിനാധ്വാനി ആയിരുന്നു.ഏഴാം മൈൽ നു അടുത്ത് ഒരു കൊച്ചു വീട് ആരുന്നു ലോങ്ങ് സർവീസ് ബസുകളുടെ താവളം.മാഷ് വാടകക്ക് എടുത്തത്..രാവിലെ ഒരു എട്ടു മണി തൊട്ട് തളിപ്പറമ്പ ബസ് സ്റ്റാൻഡിൽ കാണും..ആദ്യം കാഞ്ഞങ്ങാട് വണ്ടി,പുറകെ ഉദയഗിരി,പിന്നെ കോഴിക്കോട് ..അതിൽ കയറി കണ്ണൂർക്ക്..തൊണ്ണൂറുകളുടെ അവസാന കാലത്തു ഇതായിരുന്നു മാഷിന് സ്ഥിരം റുട്ടീൻ.തൊണ്ണൂറുകളുടെ മധ്യത്തോടെ മാഷ് ബസ് ഉടമ സംഘടനാ തലപ്പത്തു എത്തി..ദീർഘകാലം അദ്ദേഹം പ്രസിഡന്റ് ആയി തുടർന്നു..

പാലാ ബോഡിക്കു ശേഷം അദ്ദേഹം കരൂർ നിർമിത ബോഡിയിലേക്കു മാറി.അദ്ദേഹത്തിൻറെ പ്രായാധിക്യം പല പെര്മിറ്റുകളും നിർത്താൻ നിർബന്ധിതമാക്കി .പിന്നെ ജോലിക്കാരുടെ കുറവും..ഇപ്പോൾ കാഞ്ഞങ്ങാട് ത്രിശൂർ മാത്രം ഓടുന്നു..ഉദയഗിരി തൃശൂര് ഉദയഗിരി കോഴിക്കോട് എന്നീ പെർമിറ്റുകൾ ഇപ്പോളും മാഷിന് സ്വന്തം.ഒരു നല്ല തിരിച്ചു വരവിനായി കാത്തിരിക്കുന്നു..

എന്നാലും എഴുപത്തി അഞ്ചുവയസ്സിനു മേൽ പ്രായമുള്ള മാഷിൻറെ ഫയ്‌റ്റിംഗ്‌ സ്പിരിറ്റ് തൊഴു കൈയ്യോടെ മാനിക്കുന്നു.ശുഭ്ര വസ്ത്ര ധാരിയായ വി ജെ സെബാസ്റ്റ്യൻ എന്ന ബസ് ഉടമയെയും ഇമ്പീരിയൽ എന്ന ബസ് സർവീസിനെയും ആലക്കോട് മേഖലയിലെ ഒരു തലമുറയ്ക്ക് മറക്കാൻ ആവില്ല.

മാഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

0/Post a Comment/Comments